Monday, 4 March 2013

അനന്തപര്‍വ്വം


നോവിന്റെ ഓരോ മണല്‍തരികളും
പെറ്റു പെരുകി
ഒരു കുന്നായ് തീരും മുന്‍പ്
എനിക്ക് തിരിച്ചു നടക്കണം
സായന്തനം പടര്‍ന്നു പന്തലിച്ച
ആ വിദൂര ചിത്രത്തിലെ
അഗ്നിപഥത്തിലേക്ക്

അലോസര സ്വപ്നത്തിന്‍ കൂട് പൊളിച്ചു
ആത്മാവിനെ അനന്തതയിലേക്ക്
പറത്താന്‍
പ്രയാണങ്ങളുടെ കാഴ്ച്ചയറ്റത്തേക്ക്
പുതിയ ചിറകു മുളപ്പിച്ചു
ചേക്കേറണം

തൂവലുകള്‍ക്കിടയിലൂടെ
രക്തം കിനിയും ഹൃദയ ഭാഗം ഞാന്‍
തുറന്നു പിടിക്കുമ്പോള്‍
കടല്‍ക്കാറ്റിന്‍ ഉപ്പില്‍ പുതഞ്ഞ്
ഉണങ്ങണം വേനലിന്‍ മുറിവുകള്‍

ഊഷര മൌനങ്ങളുടെ
കുമിളകള്‍ പൊട്ടി
ലാവയായി പതഞ്ഞു പൊങ്ങും മുന്‍പ്
വിട പറയണം
ജരാനര പിടിച്ച
കനല്‍ക്കിനാവുകളോടും

ഒരു തൂവല്‍ വിത്തിനു
വളമിട്ടു വളര്‍ത്താന്‍
കണ്ണില്‍ ഉറഞ്ഞ മഞ്ഞിനെ
ഇനി ഉരുക്കി നീരാക്കാം


No comments:

Post a Comment