Monday, 4 March 2013

ചിറകനക്കങ്ങള്‍

ശലഭങ്ങളുടെ താവളത്തില്‍
തളര്‍ന്നുറങ്ങുന്നുണ്ടൊരു കിനാവ്‌
നോവുകളുടെ ചേലയഴിച്ചു
പറന്നു പോകുന്നുണ്ടൊരു രോദനം
കൂട്ടം തെറ്റി അകന്ന
ദേശാടനക്കിളികളുടെ ചിറകൊച്ചകള്‍
പൊഴിച്ചിട്ടിട്ടുണ്ട്
ഈറന്‍ വയലെറ്റ് പൂക്കളുടെ
മന്ത്രണങ്ങള്‍
കൊക്കുകള്‍ക്കിടയില്‍
കുരുങ്ങി പോയൊരു
ചുംബനത്തിന്റെ മധുരം നുണയവേ
ഇലയനക്കങ്ങളില്‍ തലകറങ്ങി വീഴുന്നു
പറക്കമുറ്റാത്തൊരു അരിപ്രാവ്
മുറിവുകളുടെ അടയാളങ്ങളെ
മരങ്ങളില്‍
ചുരണ്ടി വെച്ചൊരു മരംകൊത്തി
നിലാവില്‍ കാച്ചിയെടുക്കുന്നു
ചുണ്ടുകളുടെ മൂര്‍ച്ച
മൌനത്തിന്റെ കരിയിലകളാല്‍
ഇരുട്ട് പരത്തുന്നു
തെക്കന്‍ കാറ്റ്
മറവിയുടെ പട്ടിട്ടു മൂടിയിനി
പുതപ്പിക്കാം ഇനിയെന്റെ
ഓര്‍മ്മകളുടെ സന്താനങ്ങളെ
ഉറങ്ങട്ടെ, ഉണരാതെ..
ഉണര്‍ത്താതെ !!!

No comments:

Post a Comment