സാറാ,
എന്റെ വയലിന്‍ കമ്പികള്‍ പാടിയത്
നിനക്ക് വേണ്ടിയായിരുന്നുവെന്നു
നീയറിഞ്ഞില്ലല്ലോ?
നിന്റെ കണ്ണുകള്‍ പാടിയിരുന്നതും
മറ്റാര്‍ക്കോവേണ്ടി ആയിരുന്നുവെന്നോ?
ബധിരാകാശത്തിന്റെ
കാര്മേഘക്കൂട്ടങ്ങള്ക്കിട
സ്വപ്നങ്ങളുടെ ബഹിരാകാശത്തേക്ക്
പ്രണയത്തിന്റെ മിസൈലുകള്‍ പറപ്പിക്കാന്‍
എന്നെ പഠിപ്പിച്ചതും
നീയല്ലേ ?
സംഗീതം മുറിഞ്ഞു പോയ
ഓരോ വരികളും
നമുക്കിടയില്‍ മുറിവേറ്റ
സംഭാഷണ ശകലങ്ങളോ ?
വിരല്‍ തുമ്പില്‍
ചലനങ്ങലായ്
വയലിന്‍ കമ്പികള്‍
കമ്പനം ഉതിര്‍ത്തപ്പോള്‍
എന്റെ ചുണ്ടില്‍ നിന്നും തെറിച്ചു വീണ
ഒരു നൊമ്പര കഷണമായിരുന്നു
നീ തിരഞ്ഞ പ്രണയമെന്നോ?
സംഗീതം കുടിച്ചു വറ്റിച്ച
വരണ്ട ചര്മ്മമായിരുന്നു
എന്റെ വയലിന് ...
മീട്ടി തുടങ്ങിയപ്പോഴൊക്കെ
ഉതിര്‍ന്നു വീണത്
ചുംബനങ്ങളുടെ മധുരമില്ലാത്ത
രുധിരച്ചവര്‍പ്പുള്ള ഗദ്ഗദങ്ങളായിരുന്നെന്നോ?
നിലാവിന്‍ കലപ്പയാല്‍
ഉഴുതു മറിക്കപെട്ട രാത്രികള്‍ക്ക്
നിന്റെ മണം നഷ്ട്ടപ്പെട്ടിരിക്കുന്നു
ജറുസലേമിലേക്കുള്ള വഴി
നിന്റെ മിഴികളിലൂടെയാനെന്നു കരുതിയ
ഞാന്‍ എത്ര വിഡ്ഢിയാണല്ലേ?
നിന്റെ പിന്‍കഴുത്തിന്‍
വയലിന്‍ ചേര്‍ത്ത് വയ്ക്കുമ്പോഴൊക്കെ
നിന്റെ ഉടലിന്റെ സംഗീതം
ഞാന്‍ അറിഞ്ഞിരുന്നു...
നോഹയുടെ പേടകത്തില്‍
രക്ഷപെട്ടവര്‍ക്കിടയില്‍ നീയും ഉണ്ടായിരുന്നോ?
നാമധേയങ്ങളില്‍ നിന്റെ പേര് നിര്‍ദേശിച്ചത്
ആരാണ്?
ആട്ടിന്‍പറ്റങ്ങള്‍ക്കൊപ്പം
മിശിഹായുടെ കൂടാരത്തില്‍
രാത്രി പങ്കിടാന്‍ വന്ന
ദൈവപുത്രിമാര്‍
അവരെക്കാളൊക്കെ സുന്ദരി
നീ തന്നെ...
പക്ഷെ,
എന്റെ സംഗീതത്തിന്റെ പരിശുദ്ധി
നിന്റെ ഹൃദയത്തിനില്ല
ആട്ടിടയന്റെ സംഗീതമല്ല
നീ ആഗ്രഹിച്ച സംഗീതം
മോഹങ്ങളുടെ മാലാഖച്ചിറകുമായ്
ദേഹമാകര്‍ഷിക്കും കുപ്പായങ്ങളിട്ട്
സ്ലേറ്റു പലകയില്‍
എഴുതി മായ്ക്കുന്ന
ആധുനിക പ്രണയമായിരുന്നു നിന്റെത്
എന്റെ കല്ലറയില്‍ ഇന്നും പുകയുന്ന
കുന്തിരിക്കത്തിന്റെ മണം
നീ തന്നിട്ടുപോയ പ്രണയത്തിന്റെ
അവസാന വയലിന്‍ സംഗീതം
ഇങ്ങനൊക്കെയാണെങ്കിലും
സാറാ,
നീ തന്നെ എന്റെ പ്രീയപ്പെട്ടവള്‍
എങ്കിലും
ഇനി എന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍
നിന്നെ കണ്ടുമുട്ടാതിരിക്കാന്‍
എന്റെ കുരിശു പ്രാര്‍ത്ഥന
No comments:
Post a Comment