ചെടികളെ, മരങ്ങളെ
സുന്ദരമാണ് നിങ്ങള്‍ തന്‍
ചംക്രമണ വിന്യാസങ്ങള്‍..
പൂവുകളുടെ ഹൃദയത്തിലെക്കൊന്നു
നോക്കൂ
വണ്ടുകള്‍ ചൂഴ്ന്നെടുത്ത നോവിന്റെ
ശല്‍ക്കങ്ങള്‍ ഇല്ലേ?
എന്നിട്ടും വിതുമ്പാന്‍ വയ്യാതെ
മുഖം മുനിച്ചു നില്പ്പല്ലേ?
എന്നെ പോലെ..
മുള്ളുകളുടെ മുനയൊടിഞ്ഞ ഭാഗത്ത്
രക്തകണമില്ലേ?
എന്നിട്ടും ഇലയുടുപ്പുകൊണ്ട്
എത്ര ഭംഗിയായ് നീയത്
മറച്ചു പിടിക്കുന്നു...
പൂവുടലുകള്‍ എത്ര നേര്‍ത്തതാണല്ലേ?
എനിക്കിതാനിഷ്ട്ടം..
ഈ പ്രകൃതിതന്‍ സൌരഭം
മണ്ണില്‍ നിന്നും വിണ്ണിലേക്കൊരു
കാഴ്ച ദൂരം
ഇരുള്‍ ദൂരങ്ങള്‍ താണ്ടി
പകല്ചില്ലകളില്‍ ഇരുന്നു
പരാഗങ്ങളായ് തൊട്ടു തൊട്ട്
ചിലത് വിത്തിന്‍ തോട് പൊട്ടിച്ചൊരു
നോവോടെ മുറിഞ്ഞും
മുറിവില്‍ നിന്നൊരു
തൈയ്യായ് വിദൂരതയിലേക്ക്
വിരല്‍ നീട്ടിയും
ഋതുക്കളില്‍ ഗര്‍ഭം ധരിക്കുന്ന
ചില്ലകള്‍ ...
വന്ധ്യരെന്നു കളിയാക്കി ചിരിച്ച
എത്ര മരങ്ങള്‍ കായ്ച്ചിരിക്കുന്നു..
പൂത്തിരിക്കുന്നു..
അഴലിന്‍ പുഴുക്കുത്തേറ്റ
പലരും
തളിര്‍ക്കുന്നതു ഉള്ളറകളിലാണ്
സ്നേഹത്തിന്‍ ശാഖികള്‍ പടര്‍ത്തി
നിഴലില്ലാത്ത നിഴലുകള്‍ക്ക്
തണലായ് മാറുവാന്‍ ...
നിങ്ങളിലേക്കെന്നെയും ഒന്ന്
ചായ്ച്ചു വെക്കൂ
ആലിംഗനം ചെയ്യും കൈകള്‍ക്കിടയിലൂടെ
ആകാശം കണ്ടുറങ്ങട്ടെ ഞാനും!
No comments:
Post a Comment