Monday, 4 March 2013

ആഴിയിലെ സൂര്യന്‍

അന്ന്,
അനേകം വാക്കുകള്‍ക്കിടയില്‍ നിന്നും
നിനക്കുള്ള മൂന്നക്ഷരം ഞാന്‍
കണ്ടെടുത്തപ്പോള്‍
അതിന്റെ പ്രഞ്ജ അറ്റ് പോവുകയും
വിളറി വെളുത്ത കണ്ണുകളില്‍
കാഴ്ച മങ്ങി പോവുകയും ചെയ്തിരുന്നു
പിന്നീട് കണ്ടതെല്ലാം
മറ്റാരോ നിറം തൂവി വെളുപ്പിച്ച
അഭിനയ പാണ്ഡിത്യത്തിന്റെ
ആട്ടക്കലാശങ്ങള്‍

സ്വപ്നങ്ങളുടെ
ചരടും പൊട്ടിച്ചൊരു പട്ടം
ആകാശം തേടി പറന്നെങ്കിലും
പകലിനു പട്ടട കൂട്ടും
അസ്തമയാഗ്നിയില്‍
സ്വയം ഒടുങ്ങേണ്ടി വന്നിരുന്നു

ഹൃദയത്തില്‍ നിന്നും കൊത്തിപ്പറിച്ച
നീല ഞരമ്പുകളില്‍
നോവിന്‍ വിഷം ഊതി നിറച്ച
കാലത്തിനു
മാപ്പുസാക്ഷിയായി
മൌനത്തിന്റെ ഈ മഹാവൃക്ഷം

അടിവേരുകളുടെ വിരലറുക്കാന്‍
ഓര്‍മ്മകള്‍ കുന്നിറങ്ങി വരും മുന്‍പേ
ഒഴിയാം, ഈ ഒറ്റമുറിയില്‍
ഞാന്‍ തളച്ചിട്ട നോവുകളെയൊക്കെയും
ചുമരിലെ നഖ ചിത്രങ്ങളില്‍
ഉറ്റു നോക്കുമക്ഷരങ്ങള്‍ ഒക്കെയും
ആരോ ഊതിക്കെടുത്തിയ
വര്‍ണ്ണങ്ങളുടെ മൂഡാന്ധകാരം

ഒരിക്കലും അണയാത്തൊരു സൂര്യന്‍
നിന്റെ പ്രതീക്ഷകളെ
കീഴടക്കുമെന്നു നിനച്ച
രാജ്ഞീ...
നിനക്കിനി അഭയം
മൌനം മാത്രം !

No comments:

Post a Comment