Monday, 4 March 2013

അസ്ഥിവാരങ്ങള്‍

ഭ്രാന്തു പിടിപ്പിക്കുന്ന മൌനത്തെ
സ്വപ്നങ്ങളുടെ ചുരുട്ടില്‍ നിറച്ച്
ഏകാന്ത പര്‍വ്വങ്ങളിലേക്ക്
ഊതി വിടുന്ന പകലുകളെ

നിദ്രകള്‍ നുള്ളിയെടുത്ത്
ചിന്തകളുടെ കണ്ണുകെട്ടി
പേക്കിനാവുകളുടെ
കറുത്ത ചിപ്പിക്കുള്ളില്‍
താഴിട്ടടയ്ക്കുന്ന രാത്രികളെ

കാതടച്ചാര്‍ക്കുന്ന
ഏതോ ചാവുകടലിന്റെ നടുവിലേക്ക്
അപ്പൂപ്പന്‍താടി പോലെ
പറന്നിറങ്ങുന്ന മനസേ

പായല്‍ വീണ വഴുക്കന്‍ തീരങ്ങളില്‍
തെന്നി മറിയാത്ത തിരകളില്‍
സ്ഖലിച്ചു പോയ കിനാവിന്റെ
ഒരു തുള്ളിയില്‍
ജനിയറിയാതെ പോയ മുത്തേ

മൌനമുദ്രിതമായ
നോവിന്റെ അസ്ഥികള്‍
നീയെന്നിലെക്കൊഴുക്കാതെ

പുകഞ്ഞു തീരാത്ത സാന്ധ്യച്ചുവപ്പില്‍
നീന്തിക്കയറിയ സന്താപങ്ങളുടെ
കനലുകള്‍ വിളയുന്ന പാടത്തിനക്കരെ
കിഴക്ക് നാളെയൊരു ചെന്താമര വിരിയും

നോവുകളുടെ മഷിപ്പാത്രത്തില്‍ നിന്നും
കുടഞ്ഞു വീണ
നിറങ്ങളുടെ കടുപ്പം കുറയ്ക്കാന്‍
മഴവില്ലിന്‍ വര്‍ണ്ണ പത്രങ്ങള്‍
നേര്‍ത്ത ജാലകവിരികള്‍ ആവും

ഈ ഇരുട്ടിനപ്പുറം വെളിച്ചത്തിലേക്ക്
സ്നേഹ മസൃണമായ രാപ്പകലുകളുടെ
ഒരു ഒറ്റവാതില്‍ തുറന്നിട്ടുണ്ടെന്നു
സമാശ്വസിപ്പിച്ചുകൊണ്ടു നമുക്കിനി
ചിറകുകളുരുമ്മി പറക്കാം !!!

No comments:

Post a Comment