Tuesday, 5 March 2013

ജീവിതത്തില്‍ നിന്നൊരേട്....

ഇതുപോലെ ഒരു ഹേമന്ത കാലത്ത് മഞ്ഞു പെയ്തു നിറഞ്ഞ പാതയോരത്ത് കൂടെ നിന്റെ കൈ പിടിച്ചാണ് വൈകുന്നേരങ്ങളില്‍ ഞാന്‍ നടന്നിരുന്നു. വഴിയരികിലെ തണല്‍ മരങ്ങള്‍ക്ക് നമ്മോടു പറയാന്‍ ഏറെ കഥകള്‍ ഉണ്ടായിരുന്നു. കോര്‍ണിഷ് ലെ പാനി പൂരി വില്‍പ്പനക്കാരന് നമ്മെ കാണുമ്പോള്‍ വല്ലാത്ത സന്തോഷം ആണ്. മഞ്ഞയും ചുവപ്പും ഇട തൂര്‍ന്നു വീണ വാകമര ചുവട്ടിലെ ചാരു ബെഞ്ചില്‍ വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ കുറിച്ച് വാ തോരാതെ സംസാരിച്ചു സന്ധ്യ ആവും വരെ. ശി ശിരം ഉപേക്ഷിച്ചു കടന്നു പോയ ഇലകളില്‍ മനസ് കവിതകള്‍ പകര്‍ത്തി എഴുതുമ്പോള്‍ നീ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടിരുന്നു. വേനല്‍ കൂട് കൂട്ടിയ ചിന്തകളില്‍ ശൈത്യം പുതപ്പിച്ചത് നീയാണ്. കണ്ണീരുപ്പില്‍ സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ പകര്‍ന്നു മിഴികളില്‍ വസന്തം ഒരുക്കാന്‍ അന്നൊക്കെ വാക്കുകളുടെ സാന്ത്വനം മാത്രം മതിയായിരുന്നു. എന്റെ മിഴികളില്‍ നോക്കി നിനക്കെന്റെ മനസ് വായിക്കാമായിരുന്നു. എന്റെ മിഴികള്‍ വിടരുന്നതിലും, ചുരുങ്ങുന്നതിലും അടയുന്നതിലും ഓരോ സ്വപ്നങ്ങളും പൂക്കുന്നതും തളിര്‍ക്കുന്നതും കൊഴിയുന്നതും നീയറിഞ്ഞു. കണ്ണീര്‍ നനവ്‌ ഭൂമി അറിയാതിരിക്കാന്‍ നിന്റെ കൈ വിരലുകള്‍ അവ തുടച്ചെടുത്തിരുന്നു. അന്നെന്റെ ചിലങ്കകള്‍ക്ക് താളവും തംബുരുവിന് ശ്രുതിയും ഉണ്ടായിരുന്നു. മൌനം നമുക്കിടയിലെ രണ്ടു വിദൂരതകളില്‍ നിലാ ചീളുകല്‍ക്കിടയിലൂടെ നക്ഷത്രങ്ങളായി നോക്കി മന്ദഹസിച്ചിരുന്നു. ചിരികളുടെ കിലുക്കം നിറഞ്ഞ ഉദ്യാനങ്ങളില്‍ മുയല്‍കുഞ്ഞുങ്ങള്‍ ഓടി നടന്നിരുന്നു. അന്ന് തൂലിക തുമ്പില്‍ വിരിയാന്‍ ഋതുക്കളും സ്വപ്നങ്ങളുടെ ആകാശ പരപ്പില്‍ മഴവില്ലുകളും നിറം തൂവി വന്നിരുന്നു.... നീ ചൂണ്ടി കാണിച്ചതോക്കെയും എന്റെ ചിന്തകള്‍ക്ക് പുതിയ അദ്ധ്യായങ്ങള്‍ തുറന്നു, അക്ഷരങ്ങള്‍ കാഴ്ച വെച്ചു.

പക്ഷെ, ജീവിതത്തിന്റെ പുതിയ അദ്ധ്യായം തുറന്നപ്പോള്‍ നീയുണ്ടായിരുന്നില്ല. നാദം നിലച്ച ചിലങ്കയും ഇഴ മുറിഞ്ഞ തംബുരുവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു ഇന്ന്. ഹൃദയം ജീവനറ്റൊരു ശിലയായി കാര്‍മേഘഫണങ്ങള്‍ക്കിടയില്‍ മൂടപ്പെട്ടിരിക്കുന്നു. മഷി ഉണങ്ങിയ തൂലികയെ കണ്ടെടുക്കാന്‍, അതില്‍ ഒരിറ്റു ആര്‍ദ്രതയുടെ തീര്‍ത്ഥം തളിച്ച് മഷി നേര്‍പ്പിക്കാന്‍, മനസിനെ നീറി പുകയ്ക്കുന്ന ഗ്രീഷ്മ താപത്തിന്റെ പൊള്ളലില്‍ നിന്നും അത്മാവിലെക്കൊരു മഞ്ഞു പടലമായി അലിഞ്ഞൊഴുകാന്‍, ഇന്നും... ഓര്‍മ്മകളില്‍ ആത്മാവില്‍ നിന്നും കാലം പകുത്തെടുത്തു കടന്നു പോയ ഒരു ഹേമന്തത്തിന്റെ ഓര്‍മ്മക്കുളിര് മാത്രം ശേഷിക്കുന്നു ....

1 comment:

  1. നന്നായി ........ എങ്കിലും എനിക്ക് ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. പറയട്ടെ !!!!
    മാര്‍ച്ച്‌ തുടങ്ങീട്ട് 6 ദിവസമേ ആയുള്ളൂ , അതിനുള്ളില്‍ 35 പോസ്റ്റുകള്‍. ചിലവ മികച്ചത്, ചിലവ കൊള്ളാം, മറ്റ് ചിലവ മോശം.
    പോസ്റ്റിന്റെ എണ്ണം കുറച്ച് അല്‍പ്പം കൂടി കാമ്പുള്ള എഴുത്തിലേക് കടന്നുകൂടെ ഹണീ.

    ReplyDelete