Monday 4 March 2013

കാടിറങ്ങിയവര്‍

കാട് നിങ്ങള്‍ കയറിയിട്ടുണ്ടോ?
കാടിന്റെ രോദനത്തിന്
ചെവികൊടുത്തിട്ടുണ്ടോ ?
ആ ചുരങ്ങളിലാണ് നമ്മള്‍
ഭ്രഷ്ട്ടു കല്‍പ്പിച്ച
മനുഷ്യരൂപങ്ങള്‍
അധിവസിക്കുന്നത്
മുളകള്‍ മൃദംഗം വായിക്കുന്ന
കണ്ണാടി കവിളുകളുള്ള കാട്ടാറുകള്‍ക്കപ്പുറം
ആ വനാന്തര ഹൃദയങ്ങളിലാണ്
ഭൂമിയുടെ അവകാശികളും
കാടിന്റെ മക്കളും
ഭയപ്പെട്ടുറങ്ങുന്നത്

മുളയരി വേവും കല്ലടുപ്പുകളില്‍
നിസ്സഹായതയുടെ കനലുകള്‍
ആളുന്നുണ്ട്
വരണ്ട ചുണ്ടുകളില്‍
മുറിപ്പാടുകളുടെ തിണര്‍പ്പുണ്ട്
ചിരട്ട വളയിട്ട കൈകളില്‍
ലാത്തി വീണ പാടുകളുണ്ട്
വയറിന്‍ മടക്കുകളില്‍
ബൂട്ടുകളുടെ പകര്‍പ്പുണ്ട്
ദൈന്യതയൂറും നോട്ടങ്ങളില്‍
ചക്തച്ചാലുകള്‍ ഒഴുകുന്നുണ്ട്
രേതസ്സിന്‍ അഴുക്കു വീണ
ഉള്‍ഭിത്തികളില്‍,
അള്ളിപ്പിടിച്ച ജീവനുകളില്‍,
കാട്ടുമക്കളില്‍ നാട് പാകിയ
നെറികേടിന്റെ വിത്തുകള്‍
മുളച്ചിട്ടുണ്ട്
ഒക്കത്ത്,
പിതൃത്വം നിഷേധിക്കപ്പെട്ട
പറക്കമുറ്റാത്ത രക്തസാക്ഷികള്‍
വിശന്നു കരയുന്നുണ്ട്
ഓരോ കോണിലും
നാട്ടുജാതിയുടെ പല്ലടയാളങ്ങള്‍

വയനാടന്‍ കുന്നുകളില്‍
നാട്ടുമാക്കാന്മാര്‍ ഭീഷണിയുടെ
കാഞ്ചി വലിക്കുമ്പോള്‍,
ആദിവാസിക്കുടിലുകളില്‍
വനപാലകര്‍
രതിതാണ്ഡവം ആടിയപ്പോള്‍
നീതിപീഠങ്ങളുടെ കാലുകള്‍
ഉറങ്ങി പോയിരുന്നു
കാടിന് നമ്മള്‍ കാവല്‍ നിര്‍ത്തിയത്
തൊലിയുരിയും മരംവെട്ടുകാരെയായിരുന്നു
അവര്‍ തടികളില്‍ ഉടല്‍ ബന്ധിച്ചു
പെണ്ണിന്‍ മടിക്കുത്തില്‍
കാമം തിരഞ്ഞപ്പോള്‍
നോക്കി നിന്നവര്‍
നീതി സൂക്ഷിപ്പുകാര്‍

മലദൈവങ്ങളുടെ മുന്നിലിട്ട്
കാവലാളുകള്‍
കിടാത്തികളെ പ്രാപിച്ചു
കാട് കയറിയവരൊക്കെ
ചുരമിറങ്ങിയത്
വെട്ടനായ്ക്കളുടെ ചൂരോടെയാണ്
വാറ്റുചാരായത്തിനും
കഞ്ചാവിനുമൊപ്പം
തൊട്ടു കൂട്ടാനൊരു രുചിയായ്
കാക്കിധാരികള്‍
ലാത്തികളാല്‍ കുരുക്കി
കാടിന്‍ വിഭ്രമങ്ങളെ
മുയലിറച്ചിക്കൊപ്പം ചുട്ടെടുത്തു
കണ്ണീര്‍ക്കറ വീണ
പെണ്മനങ്ങളെ

കാട്ടുതേനും, കോലരക്കും പറ്റിയ
ഉടല്‍ തടികളില്‍
മുഖം അമര്‍ത്തി ഉരച്ചവര്‍
നാട്ടുജാതികള്‍
ബീഡിക്കുറ്റികളുടെ പൊള്ളലുള്ള
തുടകളില്‍
രക്തം ചീന്തിയ മാറുകളില്‍
കടിച്ചു വലിക്കപ്പെട്ട
മൃഗതൃഷ്ണ

ഇന്നും ശേഷിക്കുന്നാ
വനമൂകതകളില്‍
കാട് കയറിവര്‍
കാട്ടുപൂക്കള്‍ക്ക് സമ്മാനിച്ച
എത്രയോ പതിരുകള്‍
നാഥനില്ലാതെ !!!

No comments:

Post a Comment