Monday 4 March 2013

മതമില്ലാ പ്രാര്‍ത്ഥനകള്‍


നദികള്‍ കടലായി
പരിണമിക്കുന്നിടത്തുവെച്ചാണ
യുദ്ധമുണ്ടായത് എന്ന്
നിങ്ങള്‍ പറയുന്നു

വന്‍കരകളില്‍ ഒറ്റപ്പെട്ടു പോയ
ദ്വീപുകളില്‍
കുരങ്ങുകളുടെ വാലുകളില്‍ തൂങ്ങി നടന്നു
പരിണാമം സംഭവിച്ച
ഇരുകാലികളാണിത്‌ തുടങ്ങി വെച്ചതെന്ന്
ഞാനും

പാപികളുടെ ഈ സ്വര്‍ഗത്തില്‍
വര്‍ഗ്ഗബോധം അഴിഞ്ഞാടുമ്പോള്‍
നിറയൊഴിച്ച തോക്കു
ഇത്തവണയും
ഒരു ഗോഡ്സെയുടേത് തന്നെ

ഒരു വെടിയുണ്ട
തലയോട്ടി പിളര്‍ത്തവേ
നിന്‍ നിലവിളിയിലൊരു
പേനമുന തറയ്ക്കുന്നതും
രക്തപ്പൂക്കള്‍ അക്ഷരങ്ങളില്‍
പടരുന്നതും എന്റെ
കാഴ്ച്ച നോവ്‌

അബോധത്തിന്റെ സൂക്ഷ്മാണുവിലൂടെ
വിദ്യാലയമുറ്റത്തേക്ക് തിരിച്ചു നടക്കൂ എന്ന്
പാദങ്ങളോട് നീ
പിറുപിറുക്കുന്നുവോ കുഞ്ഞേ?
ഉണ്ടാവണം

ഭീകരതയുടെ ഭൂകമ്പ മാപിനികളില്‍
എഞ്ചിന്‍ തകരുന്നത്
ഇത് ആദ്യമായല്ല
എങ്കിലും,
സ്വാത് താഴ്വരകളുടെ കളിചിരികളില്‍
ചോര തെറിപ്പിച്ച
നിന്റെ വിരലുകള്‍,
മിനായിലെ മലയടിവാരത്ത്
എറിയപ്പെടും ഓരോ കല്ലും
നിന്നെപ്പോലുള്ള
പൈശാചികര്‍ക്ക് നേരെയാണ്

പീഡനങ്ങള്‍
ചരിത്രങ്ങളാവുന്നതു
മരണത്തിനു ശേഷമെന്നതെന്നെ
ഭയപ്പെടുത്തുന്നു

ബലികഴിക്കപ്പെടാന്‍ കുരുതിപ്പലകയില്‍
മാലാഖച്ചിറക് വേണമെന്ന് നിശ്ചയിച്ച
കാഫിര്‍
നിനക്ക് കനലാഴി കൂട്ടി
നരകം ഉണ്ടാക്കാന്‍
ഒരു ദൈവപുത്രന്‍ വരുമെന്ന്
എന്റെ പേക്കിനാവ്

മതഗ്രന്ഥങ്ങളില്‍ കാലം വരഞ്ഞിട്ട
യുദ്ധ പ്രമാണങ്ങള്‍
ഇത് തന്നെയോ?
ദൈവമൊരു കൂട്ടിക്കൊടുപ്പുകാരനെ പോലെ
പുകയും വലിച്ചു
മതങ്ങളുടെ അതിര്‍ത്തികള്‍ നോക്കി പായുന്നുന്ടെന്നു
സാത്താന്റെ സന്തതീ
ആരാണ് നിന്നെ പഠിപ്പിച്ചത് ?

മനുഷ്യാനായ് ജീവിക്കുന്നവന്റെ
മതമില്ലാ പ്രാര്‍ത്ഥനകളിലൂടെ
മലാലാ...
കുഞ്ഞേ, നീ വേണ്ടെടുക്കപ്പെടട്ടെ
 —

No comments:

Post a Comment