Sunday 3 March 2013

മറവു ചെയ്യാത്ത ശബ്ദങ്ങള്‍


നിശ്ചയദാര്‍ഢ്യത്തിന്റെ നീതിസ്തൂപങ്ങള്‍

ഉത്തമ മനുഷ്യനെ തേടിയുള്ള അന്യോഷണത്തിന്റെ സന്ജാര സ്ഥലികളിലെവിടെയോ കേട്ട സര്‍ഗ്ഗാത്മകമായ ഉള്‍വിളിയാവാം കവിതയിലേക്ക് ഒരാളെ ഉണര്‍ത്തുക. ആനന്ദത്തില്‍ നിന്ന് വിവേകത്തിലേക്കുള്ള ആത്മ വികാസം സാധിക്കുമ്പോള്‍ കവിതയെ അഗാധമായി സ്നേഹിച്ചതിന്റെ പേരില്‍ അയാള്‍ ആദരിക്കപ്പെടുന്നു. അയാളുടെ ഭാവനയും ചിന്തയും ദര്‍ശനവും അനശ്വരമാകുന്നു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ കാവ്യ സാരാംശം തലമുറകളുടെ പാദമുദ്രകള്‍ പതിഞ്ഞ വഴികളിലൂടെ അവിരാമ സഞ്ചാരം തുടരുന്നു. കാലാനുസൃതമായ വ്യതിയാന വ്യവസ്ഥകളെ സ്വീകരിച്ചും തിരസ്ക്കരിച്ചും അക്കാദമിക് സംന്ജകളുടെ യുക്തിമുദ്രകള്‍ അണിഞ്ഞും അഴിച്ചെറിഞ്ഞും സ്വയം നവീകരിച്ചും കവിതയുടെ പ്രവാഹം ഇതാ സജീവമായി നമ്മളിലേക്ക് തന്നെ വളരുകയാണ്. അന്യമായ ഏതോ നിഗൂഡാര്‍ത്ഥം ചമയ്ക്കുന്ന ദുരൂഹ വചനമല്ല, മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ ഭാഷാന്തരമാണ് ഇപ്പോള്‍ കവിതയായി എന്നിലേക്ക്‌. പ്രവേശിക്കുന്നത്. ഓരോ വാക്കിലും നിലയുറപ്പിക്കുന്ന നിശ്ചയദാര്‍ട്യത്തിന്റെ നീതിസ്തൂപങ്ങള്‍ ഉണ്ട്. അവയൊക്കെയും നിര്‍മ്മിച്ചിരിക്കുന്നത് സ്വാനുഭവങ്ങളുടെ പശമണ്ണു ചേര്‍ത്ത് വാര്‍ത്തെടുത്ത വിശ്വസ്തതയുടെ മൂശയിലാണ്. ഹൃദയ സ്പര്‍ശിയായ ഒരനുഭവത്തെ എങ്ങനെ കാവ്യമാക്കണമെന്നു പഠിപ്പിക്കാന്‍ ആര്‍ക്കാണധികാരം? ആര്‍ക്കെങ്കിലും അത്തരം അധികാരമുണ്ടെങ്കില്‍ അവരത് പ്രയോഗിച്ചു കൊള്ളട്ടെ. ഏതായാലും ആ അധികാര പ്രമാണിത്തം എനിക്കില്ല. ആകാശത്തിലൂടെയോ ആഴിയിലൂടെയോ ഭൂമിയിലൂടെയോ സ്വന്തം വഴി വെട്ടി മുന്നേറാനുള്ള തീവ്രാഭിലാഷത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്റെ സ്നേഹബോധം. ആര്‍ജ്ജിത സിദ്ധിയുടെ പര്‍ണ്ണശാലയിലിരുന്നു, നഗര ഭീകരതയുടെ മൃഗയാ വിനോദങ്ങളെ നിരാകരിക്കാനുള്ള ആത്മ ബലം കാവ്യാക്ഷരങ്ങല്കൊണ്ട് സമാഹരിക്കാമെങ്കില്‍ പ്രീയപ്പെട്ട ഹണി ഭാസ്ക്കരന് എന്റെ ഭാവുകങ്ങള്‍..

സത്യത്തിന്റെ വെളിച്ചം തേടി അലയുന്ന ഏതു പക്ഷിയെ യാണ് നമ്മുടെ കാവ്യ സംസ്കൃതി സ്നേഹിക്കാതിരുന്നിട്ടുള്ളത്? എഴുത്തിന്റെ ഏകാന്തതയില്‍ ഇരമ്പിക്കയറുന്ന ആയ്യുസ്സിന്റെ പൊള്ളുന്ന വെളിപാടുകളെ സ്വയം നിശ്ചയിച്ച അളവോടെ വിതറിയിരിക്കുകയാണ് ഹണി ഭാസ്കരന്‍ " മറവു ചെയ്യാത്ത ശബ്ദങ്ങള്‍"" എന്നു പേരിട്ടിരിക്കുന്ന ഈ സമാഹാരത്തില്‍.

"അശുദ്ധിയുടെ കറ വീണ എന്റെ നാടിന്റെ മണ്ണില്‍ ചോരയുടെ കനത്ത മണവും വിങ്ങലും പിന്‍കാഴ്ചകള്‍ ആയപ്പോള്‍ ഉറക്കം എന്റെ കണ്ണുകള്‍ക്ക്‌ നീറ്റലായി" എന്ന് ഹണി " അക്ഷരക്കറ്റ" യെന്ന സമാഹാരത്തില്‍ എഴുതിയതോര്‍ക്കുന്നു. " കാലത്തിന്റെ കരുവാളിച്ച മുഖത്തെ തേച്ചു മിനുക്കാന്‍ എന്റെ അക്ഷരങ്ങള്‍ക്ക് കരുത്തു ലഭിക്കണമെന്നതാണ് " ഹണിയുടെ പ്രാര്‍ത്ഥന.

" ചൂടും ചൂരും മാത്രമറിഞ്ഞു
കാലം പെറ്റിട്ട ചാപിള്ളകള്‍
കൂകിയും അമറിയും
തിരക്കിട്ട് പായുന്നു
ഗര്‍ഭത്തിലിരിക്കെ നിങ്ങള്‍ ഗ്രഹിച്ചത്
കലാപകാരികളുടെ ശബ്ദം മാത്രം" ( ചാപിള്ളകള്‍ക്ക് )

കാലം തെറ്റിപ്പിറന്ന പാകമാകാത്ത ബുദ്ധിയുടെ ഉടമകള്‍ പിറക്കും മുന്‍പേ കേട്ടിരിക്കാനിടയുള്ള കലാപ ശബ്ദങ്ങളെ വിചാരണ ചെയ്യുമ്പോഴാണ് ത്രികാല ജ്ഞാനമെന്ന അപൂര്‍വ്വ യോഗ്യത കവിക്കുണ്ടെന്നറിയുന്നത്. ഭൂതം, വര്‍ത്തമാനം, ഭാവി എന്ന സമയ കണക്കുകളിലെവിടെയോ സംഭവിച്ച തെറ്റുകളാണ് ചാപിള്ളകളുടെ പിറവിക്കു കാരണം. ഉള്‍ക്കൊള്ളാനും ഉപേക്ഷിക്കാനും കഴിയാത്ത അപക്വ ജന്മങ്ങളുടെ ഭാരമെല്‍ക്കേണ്ടി വരുന്ന സമൂഹത്തിന്റെ ദുരവസ്ഥ തീര്‍ച്ചയായും രാഷ്ട്രീയമായി നിരൂപണം ചെയ്യപ്പെടെണ്ടാതാണ്. സാമൂഹ്യ യാഥാര്‍ത്യങ്ങളുടെ ഹൃദയധമനി പരിശോധിക്കാത്ത എഴുത്തുകാരെ കാലം മാനിക്കുകയില്ലെന്ന കാര്യം ഹണി ഭാസ്കരന് നിശ്ചയമുണ്ട്.

നിസ്സഹായയായ ഭൂമിയുടെ നിലവിളി കേള്‍ക്കാത്തവര്‍ കവികളാവുകയില്ല. കണ്ണുനീരും മണ്ണുനീരും ഒന്നാകുന്ന അപൂര്‍വ്വമായ അനുഭവ സംഗമം എത്രയെത്ര ഉത്കൃഷ്ട രചനകള്‍ക്ക് നിമിത്തമായിട്ടുണ്ട്.

" നിസ്സഹായയാം ഭൂമിയെ വിവസ്ത്രയാക്കുന്നു
കൂര്‍ത്ത ദന്തങ്ങളാല്‍
ഉടലിനു നേര്‍ക്ക്‌ നീങ്ങുന്നു
................
അര്‍ദ്ധ നിദ്രയില്‍ നിന്റെ
അധരങ്ങളില്‍ നിന്നും
കിനാക്കളുടെ കനി
അടര്ത്തിയെടുക്കുന്നു" ( ഭൂമി ഒരുടല്‍ക്കിനാവ് )
ആധുനിക നഗരവല്‍ക്കരണവും അഞ്ജതയും ആര്‍ത്തിയും കൂടി പങ്കിട്ടെടുക്കുന്ന ഭൂമിയുടെ നോവുകള്‍ക്ക്‌ കാവ്യരൂപം നല്‍കുമ്പോള്‍ അടക്കി പിടിക്കുന്ന അമര്‍ഷത്തിന്റെ തോതളക്കുവാന്‍ മാപനികലില്ല.

കാലത്തെക്കുറിച്ചുള്ള കാവ്യ സങ്കല്പം ഭാവനകളുടെ വിചിത്ര തലമാണ് വരച്ചിടുക. വിശ്വപ്രശസ്ത ചിന്തകരുടെ കാലബോധം വായിച്ചു വിഭ്രമി ച്ചിരുന്നു പോയ രാത്രികലുണ്ട്. ഉറങ്ങാതെ കിടന്ന രാവുകളില്‍ ഭയാനക നാദം പോലെ ഘടികാരമോ സ്വന്തം ഹൃദയമോ സ്പന്ദിച്ചിരുന്നു. ചിന്തകളുടെ ചിറകുകള്‍ അശാന്ത മേഘങ്ങളിലൂടെ അതിവിദൂരതകളെ ഉറക്കമില്ലാത്ത ഇരുട്ടിലെത്തിച്ച വായനക്കാലതിന്റെ പിരിമുറുക്കങ്ങളെ അതിജീവിക്കുക മറ്റൊരു വായന കൊണ്ടാവും.

" ഘടികാരങ്ങള്‍ മൌനം ഭേദിക്കുന്നു
മുഴങ്ങും മണികളില്‍
സ്പന്ദിക്കുന്നു ജീവതാളം
പടയൊരുക്കങ്ങള്‍ക്ക് രഥമൊരുക്കുവാന്‍
സമയമൊരു വിദൂഷകനായ്
ഈ നിഴല്‍ യാത്രയില്‍"....,,,,,, (സൂചിക )

എവിടെയുമെത്താത്ത വായനയുടെ അപാര ലോകങ്ങളില്‍ സമയമെന്ന പ്രഹേളിക എഴുത്തുകാരനെ വീണ്ടും വ്യാമോഹിപ്പിക്കുന്നു. മാടി വിളിക്കുന്നു... ഹണി ഭാസ്കരന്റെ ചിന്തകള്‍ പോലെ അവ ആളിപ്പടരുന്നു. ആവിഷ്കൃതമാവുന്നു. അസംഖ്യം ചോദ്യങ്ങലുയര്തുന്നു.

അറവുമാടുകളെ എന്നപോല്‍ അറുത്തെടുക്കപ്പെടുന്ന ജീവിതത്തിന്റെ രക്ത ചിത്രങ്ങള്‍ കാണിച്ചു ആധുനിക ലോകം വ്യാപാരം ചെയ്യുകയാണ്. മുറിവും പുഴുവും കഠാരയും തോക്കും പിടച്ചിലും കരചിലുമെല്ലാം വില്പനച്ചരക്കാണ്. നവീന സാങ്കേതിക വിദ്യയുടെ പ്രളയത്തില്‍ പുഞ്ചിരിക്കുന്ന പുല്‍ക്കൊടികള്‍ പോലുമില്ല. ഉണ്ടെങ്കില്‍ അവയും വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ കൌശല ശാലികളുടെ സംഘങ്ങള്‍ ഉണ്ട്. അവര്‍ രാഷ്ട്രീയത്തിലും കലയിലും സാഹിത്യത്തിലും വാര്‍ത്താ മാധ്യമങ്ങളിലും കടന്നു കയറിയിരിക്കുന്നു. കണ്ടു പിടിക്കുന്നവനും കള്ളനാവുന്ന കാലത്തിന്റെ വിപര്യയങ്ങളെ കര്‍ക്കശമായി വിചാരണ ചെയ്യാന്‍ ഇവിടെ കവിക്ക്‌ കഴിയുന്നുണ്ട്. പ്രതിരോധായുധം പോലെ ഉലയിലൂതിയെടുത്ത വാക്കുകള്‍ കോര്‍ത്തെടുക്കാനുള്ള സാമര്‍ത്ഥ്യം ഹണി നേടിക്കഴിഞ്ഞു.

എങ്കിലും ആര്‍ദ്രവും സ്നേഹ മസൃണവുമായ ഒരു ഹൃദയകണം തൂവല്ത്തുമ്പില്‍ പ്രഭാതതുഷാരം പോലെ ഹണി ഓര്‍ത്തു വെയ്ക്കുന്നു. അതായിരിക്കും കവിതയിലേക്കുള്ള ഏറ്റവും നിഷ്ക്കളങ്കമായ ഹരിത ജാലകം തുറന്നിടുക.
" എനിക്ക് സ്നേഹിക്കണം നിന്നെ
ഉപാധികളില്ലാതെ
സാന്ത്വനത്തിന്റെ ഇഴയില്‍ നെയ്ത
മന്ദഹാസങ്ങളാല്‍
നിന്റെ സ്നേഹത്തെ ഉഴിയണമെനിക്ക്" ( മാത്ര)

ഉള്ളം നോവിക്കുന്ന മുറിവുകളില്‍ തൊട്ടുപുരട്ടുന്ന ആശ്വാസ ലേപനം പോലെ ലളിത പദങ്ങള്‍ കാവ്യാകാശത്തിന്റെ അകലങ്ങളില്‍ നിന്നു പെയ്തിറങ്ങുന്നു. പുല്ലിലും പൂവിലും നിശ്വാസം ചേര്‍ത്ത് പിടിക്കുന്ന പ്രണയതാളത്തിന്റെ സ്വപ്ന ബീജങ്ങള്‍ക്ക് ഈ വര്‍ഷമേഘങ്ങളുടെ കൂടുതല്‍ ശേഖരം വേണം. കരുണയുടെ കാതല്‍ കാത്ത് സൂക്ഷിക്കുന്ന കവിയുടെ സ്നേഹ ചക്രവാളം കൂടുതല്‍ കാന്തി മഹിമയുള്ള നക്ഷത്രോദയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നെനിക്കുറപ്പുണ്ട്.

ശിഥിലമായ സംസ്ക്കാരത്തിന്റെ വ്യത്യസ്ത തലങ്ങളെ തൊട്ടുഴിഞ്ഞുണരുന്ന പുത്തന്‍ കവിതയുടെ ഈ സ്വാതന്ത്ര്യപ്പറവയ്ക്ക് ചിറകുകളുടെ ശക്തിയും ചിന്തയുടെ സൗന്ദര്യവും ജീവിതത്തിന്റെ ദര്‍ശനവും സര്‍വ്വോപരി ഉത്തമ കവിതയുടെ ആശ്ലേശവും ലഭിക്കട്ടെയെന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു...

സ്നേഹപൂര്‍വ്വം
പി .കെ. ഗോപി

No comments:

Post a Comment