Monday 4 March 2013

പക്ഷിമണം


 രാവിന്‍റെ പ്രതലത്തില്‍
ചിറകു മുറിഞ്ഞു കിടക്കും
കിളിക്കുഞ്ഞേ...
 നിന്റെ ആകാശം മൃതിക്ക് ശേഷമെന്ന്
ചുരം കടന്നെത്തിയ ഈ കാറ്റും
പുഴ കടന്നെത്തിയ ഈ മഴയും
പാടി തുടങ്ങിയിരിക്കുന്നു

 മഞ്ഞിന്‍ കൂമന്‍ തൊപ്പി വെച്ച
ചില്ലകളില്‍ നിന്നും
 ഒപ്പിയെടുത്തു ഞാന്‍
നിന്റെ പക്ഷിമണം

കാഴ്ചകളുടെ അനന്തയ്ക്ക്
കുട മറച്ച മലകള്‍
വരഞ്ഞു കീറിയ മുറിവുകളില്‍ നിന്നും
ഒട്ടുപാല്‍ കറ വീഴ്ത്തും
റബര്‍ മരങ്ങള്‍
നീരാവിപ്പുകയിലൂടെ
ആകാശം തൊടാന്‍ ഉണരും
അരുവികള്‍
നിന്റെ ചിറകുകള്‍ക്ക്
കുളിരഴിച്ചു മാറ്റിയ
പുലരികള്‍, രജനികള്‍...

മദമിളകിയ കാടിന്‍റെ
ഉന്മാദ ക്രീഡകളില്‍
ഇരുട്ടിന്‍ കിതപ്പുകള്‍ വാരി ചുറ്റിയ
കിളിയേ...
ഇനി നീ ഉറങ്ങുക...

സിരകളില്‍ നോവിന്റെ
ഉഷ്ണജലമൊഴുക്കിയ
വേടാ...
അടയുമാ കണ്‍പോളകളില്‍
ചേര്‍ത്തടയ്ക്ക നീയീ
ചില്ലയുടെ തേങ്ങലും !

No comments:

Post a Comment