Monday 4 March 2013

ജീവതരംഗങ്ങള്‍

മഴനാരുകളിലൂടെ
ആകാശം
ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാറുണ്ട്‌ ...
സാഗര സംഗമങ്ങള്‍
ദിനാന്തങ്ങള്‍ തോറും തുടരാറുണ്ട് ...

അവനിയില്‍ ജീവിതം
മണ്ണില്‍ നിന്നുറവ പൊട്ടിച്ചു
വീണ്ടും ഒഴുകി നീങ്ങും
പൂക്കളില്‍, മരങ്ങളില്‍
പ്രകൃതി തന്‍ നിശ്വാസങ്ങളില്‍
ഋതുക്കള്‍ വടുക്കളായി
പിന്നെയും ശേഷിക്കും
ഒക്കെയും ജീവന്റെ
നിലംതൊടാ സ്പന്ദനങ്ങള്‍ ...

പ്രണയമപ്പോഴും ഒരു സഞ്ചാരിയായി
ഒരു ഹൃദയത്തില്‍ നിന്നും മറ്റൊന്നിലേക്കു
കൂട് മാറി പൊയ്ക്കൊണ്ടിരിക്കും
രാപ്പകലുകള്‍ മുഷിഞ്ഞു തുടങ്ങുമ്പോള്‍
ചുംബനങ്ങളില്‍ ഒട്ടി നിന്ന അധരങ്ങള്‍
നമ്മോടു തന്നെ യാത്രാമൊഴി ചൊല്ലും
തുറന്നതെങ്കിലും നിശ്ചലമാം കണ്ണുകള്‍
ആരോ വിരല്‍ ചേര്‍ത്തടയ്ക്കും

ആറടി മണ്ണില്‍ സ്വകാര്യതയിലേക്ക്
ഇസ്തിരിയിട്ട് മിനുക്കിയ വേഷങ്ങള്‍
കൂട്ടി കെട്ടിയ കാല്‍വിരലുകളെ
മറയ്ക്കുമ്പോള്‍
ഇതുവരെ കാലത്തിനു നേര്‍ക്കും നാം
തുറന്നു പിടിച്ച മുഖത്തേക്ക്
മണ്ണൂര്‍ന്നു വീഴും

അഹന്തയുടെ മുഖംമൂടി കീറി
ശൂന്യഹസ്തങ്ങളുമായ്
നായ്ക്കളെ പോലെ, ഉരഗങ്ങളെ പോലെ
മറ്റേതു പ്രാണനെയും പോലെ തന്നെ
അഴുകി തീരും ഓരോ മനുജ ജന്മവും

No comments:

Post a Comment