Monday 4 March 2013

സമാഗമങ്ങള്‍

യാത്രയുടെ ഒരറ്റത്ത് വെച്ച്
ഇരു ധ്രുവങ്ങളും
കണ്ടുമുട്ടുമ്പോള്‍
കാഴ്ചകളുടെ നൂലറ്റത്തു
കാലം കോര്‍ത്തു വെച്ച
ഓര്‍മ്മസൂചിയുടെ
മുനയോടിഞ്ഞിരുന്നു
കിഴക്ക് നിന്നൊരു കാറ്റും
പടിഞ്ഞാറ് നിന്നു സൂര്യനും
കൂടെ ഉണ്ടായിരുന്നെങ്കിലും
ഇടയിലൊറ്റപ്പെട്ട ത്രിസന്ധ്യയുടെ
മൊഴി നിങ്ങള്‍ കേട്ടില്ല...
അവളുടെ വ്യഥയൂറും മിഴികളില്‍
കനല്‍ കെട്ടിരുന്നു...
നൊമ്പരങ്ങളുടെ ശിലയുറഞ്ഞു
ഹിമപാതങ്ങളായ്
വഴികള്‍ അടച്ചിരുന്നു...
മേഘങ്ങളുടെ മുഖം
കറുത്ത് പോയിരിക്കുന്നു
സമയ സൂചി മാറുമ്പോള്‍ ചിലയ്ക്കുന്ന
ഘടികാരത്തിലെ കിളിയും
മരിച്ചുവോ?
പൂപ്പലെടുത്ത സ്വപ്നങ്ങളില്‍
ഇതാ ഒരു ശലഭ ജീവിതം
ആത്മാഹുതി ചെയ്തിരിക്കുന്നു ..
വേനലറുതിയില്‍ കരിഞ്ഞു പോയ
കിനാവിന്റെ
ശേഷിച്ച ചിതാഭസ്മം
നിങ്ങളിനി എടുത്തു കൊള്‍ക,
സാഗര ഗര്‍ഭത്തില്‍
നിമഞ്ജനം ചെയ്തു കൊള്‍ക !!!

No comments:

Post a Comment