Tuesday 5 March 2013

തുലാവര്‍ഷം

അന്ന് നല്ല മഴയായിരുന്നു, നിന്റെ നിറഞ്ഞ തുളുമ്പിയ മിഴികള്‍ പോലെ നടു മുറ്റത്തെ തുളസിത്തറയില്‍ നിന്നും മഴ വെള്ളം നിറഞ്ഞു തുളുമ്പിയിരുന്നു. മുകളിലെ എന്റെ മുറിയിലെ തുറന്നിട്ട ജാലകത്തിലൂടെ മഴ നൂലുകള്‍ പെയ്തു തിമിര്‍ക്കുന്നത് എനിക്ക് കാണാമായിരുന്നു. കാറ്റിനു പതിവിലും ശക്തി കുറവായിരുന്നു. . ചെത്തിപ്പൂക്കള്‍ തല കുനിച്ചു നൃത്തം ചെയ്തു. കറുത്തിരുണ്ട ആകാശം നിന്റെ മൂടി കെട്ടിയ മുഖം പോലെ മുഖം വീര്‍പ്പിച്ചു നിന്നിരുന്നു. മാവിന്‍ കൊമ്പിലൊരു ബലികാക്ക മഴ നനഞ്ഞുകൊണ്ട് നരച്ച കണ്ണുകളുമായ് തുറിച്ചു നോക്കി. അച്ഛനുമമ്മയും എരിഞ്ഞു തീര്‍ന്ന ചിതയ്ക്കരികെ പൊടുന്നനെ പെയ്ത മഴയില്‍ നീ കുളിച്ചു നിന്നു. അമ്മ മഴയായി വന്നു നിന്റെ തല തുവര്‍ത്തുവാന്‍ ആരെയും നിന്റെ അരികത്തു കണ്ടില്ല. മഴയില്‍ ഒലിച്ചിറങ്ങുന്ന നിന്റെ കണ്ണുനീര്‍ ഇറ്റിറ്റു വീണത്‌ എന്റെ നെഞ്ചിലെക്കാണെന്നും എന്റെ മനസ്സില്‍ നീ ഒരു കടലായി ഇരമ്പി ആര്‍ത്തതും നീയറിഞ്ഞില്ല. എനിക്ക് നിന്നോടുള്ള സ്നേഹത്തെ കാരണവന്മാര്‍ ആ ഇല്ലത്തിന്റെ കല്‍തൂണുകളോട് എന്റെ നഷ്ട്ടപ്പെട്ട ബാല്യത്തോടൊപ്പം തന്നെ എന്നേ ബന്ധിച്ചിരുന്നു. അനാഥനായ നിന്നെയും കൂട്ടി അമ്മാവന്‍ പഠിയിറങ്ങി പോവുന്നത് ഞാന്‍ കണ്ട് നില്‍ക്കവേ തുലാ വര്‍ഷം എന്റെ കണ്ണുകളിലും പെയ്തിറങ്ങിയിരുന്നു....

1 comment: