Monday 4 March 2013

ഒറ്റക്കണ്ണ്

സീന്‍ ഒന്ന്...

നാല് മുക്കും ചേരുമാ കവലയില്‍
ഒളിച്ചിരിപ്പുണ്ടൊരു ഒറ്റക്കണ്ണ്
ഇരുട്ടിനെ പാടെ വിഴുങ്ങി
പറന്നു പോകുന്നുണ്ടോരാകാശവും
മടിക്കുത്തഴിച്ചൊരു അലവലാതി കാറ്റ്
അട്ടഹസിച്ചു വരുന്നുണ്ട് നേരെ
രുചികളില്‍ രുധിരം കലര്‍ത്തി
അവന്‍ നിമിഷ സുഖത്തിന്റെ
ചെങ്കുപ്പായം അണിയുന്നു
ഒന്നിന് പിറകെ ഒന്നായി
കൂട്ടിനു വരുന്നുണ്ട് കേസരികള്‍
ഷണ്ഡനായൊരു ക്യാമറ കണ്ണും
ചാനലിലെക്കാ രതി മൂര്‍ച്ച പകര്‍ത്തുന്നുണ്ട്
അവളുടെ കാലിടുക്കില്‍ നിന്നും
മാംസം ചിന്നി തെറിക്കും വരെ
നീ ചോര്‍ത്തി കളയുന്നുണ്ട്
നിന്റെ പൌരുഷം

സീന്‍ രണ്ട്

സീരിയല് കാണുന്നതിനിടയില്‍
ഫ്ലാഷ് ന്യൂസില്‍ അവള്‍
ജീവന് സാധ്യത കുറവ് പോലും
പത്രത്തിന്‍ ഉമ്മറത്തും
പീഡന സല്‍ക്കാരം
സഹതപിച്ചു ഒരു നിമിഷം,
ടി വി ഓഫ്‌ ചെയ്തു
പത്രം വലിച്ചെറിഞ്ഞു
ശവം തീനികളെ
തെറി വിളിച്ചു കൊണ്ട്
ട്വിട്ടരില്‍ ഒരു ലേഖനവും എഴുതി

സീന്‍ മൂന്ന്

നീതിപീഠത്തിന്റെ കാലില്‍
ഒട്ടിപ്പിടിക്കുന്നു ആ ഒറ്റ കണ്ണ്
ന്യായാധിപന്റെ മേശ മേല്‍
നീതി വിസ്താരം കേട്ട് ഞെട്ടി
തകര്‍ന്നു വീഴുന്നൊരു പ്രതിമ
ചത്ത്‌ പോയവള്‍ക്ക് പറയാനുള്ളത്
കഥയുടെ ആദ്യ സീനില്‍ ആയിരുന്നല്ലോ...
ആരാച്ചാരുടെ കയറില്‍ കുരുങ്ങാതെ
കണ്ണടച്ച് ഇരുട്ടാക്കി
നീതിപീഠത്തെ നോക്കി
ഒരു വളിച്ച ചിരിയും ചിരിച്ചു
ഒറ്റക്കണ്ണ് വെളിയിലെക്കിറങ്ങുന്നു
അടുത്ത ബസ്സിലോ ട്രെയിനിലോ ഉണ്ടാവും
തനിക്കുള്ള ഇര

സീന്‍ നാല്..

ചാനെലില്‍ വീണ്ടുമൊരു
സ്ത്രീ പീഡനം...
പേന തപ്പുന്നു
പീഡനങ്ങള്‍ക്കെതിരെ എഴുതിയെഴുതി
അതിന്റെ മുനയോടിഞ്ഞിരിക്കുന്നു !
ഞാന്‍ വെളുക്കെ ചിരിക്കുന്നു !

 

1 comment:

  1. പീഡനങ്ങള്‍ക്കെതിരെ എഴുതിയെഴുതി
    അതിന്റെ മുനയോടിഞ്ഞിരിക്കുന്നു !സത്യം
    നന്നായി എഴുതി..
    കവിതകളില്‍ പക്വതയുടെ കയ്യൊപ്പ്

    ReplyDelete